കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഡിജി യാത്രാ പദ്ധതി നടപ്പാകുന്നു. വിമാനയാത്രക്കാർക്ക് ഒട്ടേറെ തിരിച്ചറിയൽ രേഖകൾ കയ്യിൽ കൊണ്ടുനടക്കാതെ ബയോമെട്രിക് കിയോസ്കുകൾ വഴി മുഖാംഗീകാരം നേടി പരിശോധനകളുടെ വിവിധ ഘട്ടം പൂർത്തിയാക്കാനാകുന്നതാണ് ഡിജി യാത്ര.
ഇതിനുള്ള ബയോമെട്രിക് കിയോസ്കുകൾ സ്ഥാപിക്കാനുള്ള നടപടികൾ കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനി(സിയാൽ) ആരംഭിച്ചു. 30 കോടി രൂപയോളമാണു പദ്ധതിയുടെ ചെലവ്. ആദ്യഘട്ടത്തിൽ ആഭ്യന്തര യാത്രകൾക്കായിരിക്കും (ടെർമിനൽ 1) ഡിജിയാത്രാ സംവിധാനം പ്രയോജനപ്പെടുത്തുക.
ഒട്ടേറെ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കിയിട്ടുള്ള ഡിജി യാത്ര ഇന്ത്യയിലെ മറ്റു പ്രമുഖ വിമാനത്താവളങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടന്നുവരുകയാണ്. യാത്രക്കാരുടെ സമയലാഭത്തിനു പുറമെ വിമാനത്താവളക്കമ്പനികളുടെയും വിമാനക്കമ്പനികളുടെയും ചെലവുകളും ഇതുവഴി കുറയ്ക്കാം.
Comments