തലസ്ഥാനത്തെ ഗതാഗതക്കുരുക്കിന് പരിഹാരവുമായി ഏരിയൽ ട്രാഫിക് കൺട്രോൾ സിസ്റ്റം വരുന്നു. നഗരത്തിലെ തിരക്കേറിയ 57ജംഗ്ഷനുകളിലെ സിഗ്നൽ സംവിധാനത്തെ ഏകോപിപ്പിച്ചുകൊണ്ട് പ്രവർത്തിപ്പിക്കുന്ന സംവിധാനം സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് വരുന്നത്. റോഡിലെ വാഹനങ്ങളുടെ തിരക്കനുസരിച്ച് സിഗ്നലുകളുടെ സമയം അപ്പപ്പോൾ ക്രമീകരിക്കാൻ ഇതിലൂടെ കഴിയും.കെൽട്രോണാണ് പദ്ധതി നടപ്പാക്കുന്നത്.
നഗരത്തിലെ തിരക്കേറിയ 57ജംഗ്ഷനുകളിലെ സിഗ്നൽ സംവിധാനത്തെ ഏകോപിപ്പിച്ചുകൊണ്ട് പ്രവർത്തിപ്പിക്കുന്ന സംവിധാനം സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് വരുന്നത്.
തിരക്കുള്ള റോഡുകളിലെ വാഹനങ്ങൾ കടത്തിവിടാൻ കൂടുതൽ സമയം അനുവദിക്കുമ്പോൾ വാഹനങ്ങൾ കുറവുള്ള റോഡുകളിലെ സിഗ്നലുകൾ അതിനനുസരിച്ച് ക്രമീകരിക്കും. 57 പോയിന്റുകളിലെയും സിഗ്നലുകൾ വാഹനബാഹുല്യം അനുസരിച്ച് സ്വയം ക്രമീകരിക്കപ്പെടും.
ഇപ്പോൾ ജംഗ്ഷനുകളിൽ സ്ഥാപിച്ചിരിക്കുന്ന സിഗ്നൽ ലൈറ്റുകളുടെ പ്രവർത്തനം മുൻകൂട്ടി ക്രമീകരിച്ചിരിക്കുകയാണ്. ഉദാഹരണത്തിന് പച്ച സിഗ്നൽ 60 സെക്കന്റായി ക്രമീകരിച്ചിരിക്കുന്ന റോഡിൽ 30 സെക്കന്റാകുമ്പോഴേക്കും വാഹനങ്ങൾ കടന്നു പോയിരിക്കും. ഒരു വാഹനവും കടന്നു പോകാനില്ലെങ്കിലും 30 സെക്കന്റുകൾ കൂടി അങ്ങനെ തന്നെ കിടക്കും. അപ്പോൾ എതിർവശത്ത് വാഹനങ്ങളുടെ വലിയ നിരതന്നെ കിടക്കുന്നുണ്ടാകും. അതുപോലെ തന്നെ അപകടങ്ങൾ, ഗതാഗതക്രമീകരണം, വി.ഐ.പി യാത്ര എന്നിവയുണ്ടാകുമ്പോൾ പൊലീസ് സിഗ്നൽ ലൈറ്റുകൾ ഓഫ് ചെയ്ത് ഗതാഗതനിയന്ത്രണം ഏറ്റെടുക്കുകയാണ് പതിവ്. ഇത്തരം പ്രശ്നങ്ങൾക്ക് പുതിയ സംവിധാനം പരിഹാരമാകും.
എല്ലാം കാമറകൾ കാണും,നിയന്ത്രണം കൺട്രോൾ റൂമിൽ
വാഹനങ്ങൾ കൂടുതൽ ഏതു ഭാഗത്താണ് എന്ന് നിരീക്ഷിക്കുന്നത് കാമറകൾ ഉപയോഗിച്ചായിരിക്കും.
റോഡിലെ വാഹനങ്ങളുടെ കണക്ക് അപ്പപ്പോൾ കൺട്രോൾ റൂമിൽ കിട്ടും. അവിടെയുള്ള ഉദ്യോഗസ്ഥർ സിഗ്നലുകളുടെ സമയം ക്രമീകരിക്കും. വാഹനങ്ങൾ സുഗമമായി കടന്നു പോകും.
ഇതിനായി 274 കാമറകളാണ് സജ്ജമാക്കുക. വാഹനങ്ങളുടെ എണ്ണമെടുക്കുകയാണ് കാമറകളുടെ പ്രധാന ദൗത്യമെങ്കിലും ഗതാഗത നിയമലംഘനങ്ങൾ കൂടി പകർത്തി കൺട്രോൾ റൂമിലെത്തിക്കും.
കെൽട്രോൺ സ്ഥിപിച്ച സിഗ്നൽ ലൈറ്റ് സംവിധാനമാണ് നഗരത്തിലുള്ളത്. ഒാരോ സിഗ്നൽ യൂണിറ്റുകൾക്കും അതിനൊപ്പം കൺട്രോൾ യൂണിറ്റുമുണ്ട്. ഏരിയൽ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലേക്ക് മാറ്റാവുന്ന സിഗ്നൽ സംവിധാനങ്ങളാണിവ. ചെറിയ മാറ്റം വരുത്തിയാൽ വിദൂരനിയന്ത്രിത സംവിധാനത്തിലേക്ക് ഇവ മാറ്റാനാകും.
ട്രാഫിക് ഓഡിറ്റിംഗ് ഉണ്ടാകില്ല
പുതിയ സംവിധാനം വരുന്നതോടെ സിഗ്നൽ ലൈറ്റുകളുടെ സമയം ക്രമീകരിക്കുന്നതിനായി ഇടയ്ക്കിടെ നടത്തുന്ന ട്രാഫിക് ഓഡിറ്റിംഗ് ഉണ്ടാകില്ല. ഓഡിറ്റിംഗിന് കൺസൾട്ടൻസികളെയാണ് നിയോഗിച്ചിരുന്നത്. കണക്കെടുപ്പ് മിക്കപ്പോഴും പ്രാവർത്തികമായിരുന്നില്ല. തുടർച്ചയായി കണക്കെടുപ്പ് നടക്കാത്തതിനാൽ സിഗ്നൽ സമയക്രമീകരണം അപ്രായോഗികമായി മാറിയിരുന്നു.
Comentarios